ദേവ് ദീപാവലി ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി തെരുവിലിറങ്ങേണ്ടിവന്നത് 60 ഓളം കുടുംബങ്ങള്‍. വാരാണാസിയിലെ സുജാബാദ് ചേരിയില്‍ അധിവസിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം സ്വന്തം കിടപ്പാടം വിട്ട് ഇറങ്ങേണ്ടിവന്നത്. ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ഇവര്‍ താമസിച്ചുവന്ന ചേരിയാണ് യുപി സര്‍ക്കാര്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ മൂന്നൂറോളംപേരാണ് കൊടും തണുപ്പിൽ തെരുവോരങ്ങളില്‍ ഭയപ്പാടോടെ കിടന്നുറങ്ങണ്ട ഗതിയിലെത്തിയിരിക്കുന്നത്. ബലംപ്രയോഗിച്ചായിരുന്നു കുടിയൊഴിപ്പിക്കൽ നടപടികൾ.
വഴിവാണിഭം നടത്തി ഉപജീവനം കഴിച്ചിരുന്ന പലർക്കും ജീവനോപാധികളും നഷ്ടമായി. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനായി സുജാബാദ് പ്രദേശത്ത് താമസിക്കുന്ന 250 പേരെ നേരത്തെ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. രണ്ടാമത്തെ ചേരിയാണ് ഇപ്പോൾ ഒഴിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇതേപോലുള്ള കുടിയൊഴിപ്പിക്കല്‍ നടന്നിരുന്നു. ബിജെപിയുടെ സ്ഥാപക നേതാവായ ദീന് ദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി പ്രധാനമന്ത്രിക്ക് വഴിയൊരുക്കിയത് ചേരിനിവാസികളുടെ കിടപ്പാടങ്ങള്‍ തകര്‍ത്തായിരുന്നു.
ഗംഗാതീരത്തുള്ള സുജാബാദ് മേഖല ഖനന മാഫിയകളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ലക്ഷ്യമിട്ടിരുന്ന മേഖല കൂടിയാണ്. ദളിത് വിഭാഗത്തിലെ ദര്‍ക്കര്‍, ബാന്സ്ഫോര് സമുദായത്തില്‍പ്പെട്ടവരാണ് ചേരിയില്‍ താമസിച്ചിരുന്നവരില്‍ ഏറേപ്പേരും. നിത്യവൃത്തിക്കായി മുളയുപയോഗിച്ച് കരകൗശലവസ്തുക്കളും കൊട്ടകളും നിര്‍മ്മിച്ച് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നവര്‍. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ചേരികളാണ് ഇവയെല്ലാമെന്നും അവിടെ താമസിക്കുന്നവര്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളെല്ലാം ഉള്ളവരാണെന്നും സർക്കാരിന്റെ നടപടിയിൽ ദൂരൂഹതയുണ്ടെന്നും ഇന്നര്‍ വോയ്സ് ഫൗണ്ടേഷന് എന്ന ചാരിറ്റി സംഘടനയുടെ പ്രവര്‍ത്തകനായ സരൂഭ് സിങ് അഭിപ്രായപ്പെട്ടു.