തലസ്ഥാനത്ത് എൽഡിഎഫ് സർവസജ്ജം; ഇനി തീ പാറും തദ്ദേശപ്പോരിലേക്ക്
സർവസജ്ജമായും സമ്പൂർണ ഐക്യത്തോടെയുമാണ് ജില്ലയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇത്തവണയും തദ്ദേശപ്പോരിന് വീറുംവാശിയുമേറും. നഗര, ഗ്രാമ ഭേദമില്ലാതെ രാഷ്ട്രീയ കേരളത്തിൽ ചൂടേറുന്നതാവും ഇനിയുള്ള ദിനരാത്രങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി ജില്ല പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലും ജനകീയ അടിത്തറയിലുമാണ് എൽഡിഎഫ്. രാഷ്ട്രീയ എതിരാളികൾക്ക് പോലും ആക്ഷേപങ്ങൾ ഉന്നയിക്കാനാകാത്ത ഭരണമികവാണ് കഴിഞ്ഞ എൽഡിഎഫ് നേതൃത്വത്തിലെ പ്രാദേശിക ഭരണ സമിതികൾ കാഴ്ചവച്ചതെന്ന അനുഭവവും ജനങ്ങൾക്ക് മുന്നിലുണ്ട്. ജില്ലയിൽ 6,402 സ്ഥാനാർത്ഥികളാണ് ജനവിധി തേടി മത്സരിക്കുന്നത്.
ആകെ സ്ഥാനാർത്ഥികളിൽ വനിതകളാണ് കൂടുതൽ, 3,329 പേർ. ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്ക് 4,710 പേരും, ബ്ലോക്ക് പഞ്ചായത്തിൽ 523 ഉം, ജില്ലാ പഞ്ചായത്തില് 97 സ്ഥാനാർത്ഥികളും ആകെ മത്സരിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ 556 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 516 പേരാണ് മുനിസിപ്പാലിറ്റികളിൽ മത്സരിക്കുന്നത്. മുന്നണിയിലെ നവാഗതരെ പരിഗണിച്ചും, സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണയം എന്നിവയിൽ കല്ലുകടിയില്ലാതെയുമായിരുന്നു എൽഡിഎഫിന്റെ മുന്നേറ്റം. കോർപ്പറേഷനിൽ ആകെ നൂറ് ഡിവിഷനുകളിൽ 17 ഇടത്താണ് സിപിഐ മത്സരിക്കുന്നത്.
സിപിഐ(എം) 70, എൽഡിഎഫ് സ്വതന്ത്രർ മൂന്ന്, ജനതാദൾ (എസ്)-രണ്ട്, എൽജെഡി-രണ്ട്, കേരള കോൺഗ്രസ് (മാണി)-രണ്ട്, കോൺഗ്രസ് (എസ്)-ഒന്ന്, ജെഎസ്എസ്-ഒന്ന്, എൻസിപി-ഒന്ന്, ഐഎൻഎൽ-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 26 ഡിവിഷനുകളിൽ നാലിടത്ത് സിപിഐ മത്സരിക്കുന്നു. സിപിഐ (എം)- 19, കേരള കോൺഗ്രസ് (മാണി)-ഒന്ന്, ജനതാദൾ (എസ്)-ഒന്ന്, എൽജെഡി-ഒന്ന് എന്നിങ്ങനെയാണ് ഡിവിഷനുകളിൽ മത്സര പ്രാതിനിധ്യം. ജില്ലയിൽ ആകെ 336 ഡിവിഷനുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 260 വാർഡുകളിലാണ് സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 30 ഡിവിഷനുകളിലും മത്സരിക്കുന്നു.
നാല് മുനിസിപ്പാലിറ്റികളിലായി 25 ഡിവിഷനുകളിലും സിപിഐ മത്സരരംഗത്തുണ്ട്. നെടുമങ്ങാട്- എട്ട്, നെയ്യാറ്റിൻകര- ഏഴ്, വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ അഞ്ച് വീതം ഡിവിഷനുകളിൽ മത്സരിക്കുന്നു. എല്ലാ ഘട്ടങ്ങളിലും സ്ഥാനാർത്ഥി നിർണയ തർക്കം മറ്റ് മുന്നണികളെ വേട്ടയാടി. ഘടക കക്ഷികൾ കൂടുതൽ സീറ്റ് ചോദിച്ചതും വിമതരുടെ രംഗപ്രവേശവും തിരുവനന്തപുരത്തും യുഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. അഴിമതിക്കെതിരെ വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾതന്നെ സ്വന്തം മുന്നണിയിലെ അഴിമതിക്കാരുടെ അറസ്റ്റും യുഡിഎഫിന് നാണക്കേടായി.
യുഡിഎഫിലെ സീറ്റ് കച്ചവട ആരോപണവും, ബിജെപിയിലെ പണക്കൊഴുപ്പും തമ്മിൽത്തല്ലും പുറകോട്ടടിച്ചു. പ്രചാരണ ഘട്ടത്തിൽ കാലിടറുമ്പോഴും വിവാദങ്ങളും ആരോപണവും മറയാക്കി വോട്ട് നേടാനുള്ള കുതന്ത്രമാണ് യുഡിഎഫും ബിജെപിയും മെനഞ്ഞിട്ടുള്ളത്. മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്. കക്ഷികളുടെ എണ്ണം കൂടിയത് എൽഡിഎഫിന് നവോന്മേഷവും പകർന്നിട്ടുണ്ടെന്നതും ഈ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും.