കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും എലത്തൂരിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായി കോഴിക്കോട് ചേർന്ന എൻ.സി.പി ജില്ലാ നേതൃയോഗം ബഹളത്തിലായി.
സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ എ.കെ ശശീന്ദ്രൻ അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നും പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ ശശീന്ദ്രൻ തന്നെ വരണമെന്ന് മറ്റൊരു വിഭാഗം നിലപാടെടുത്തു.
ശശീന്ദ്രനെ എതിർക്കുന്നവർ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് നിർദേശിക്കുന്നത്. പാർട്ടിക്ക് മൂന്നു സീറ്റാണ് എൽഡിഎഫ് ഇത്തവണ നൽകിയിട്ടുള്ളത്. ഇതിൽ കുട്ടനാട് തോമസ് കെ തോമസ് തന്നെയാകും സ്ഥാനാർഥി. കോട്ടയ്ക്കൽ സീറ്റിൽ ഒരു മുസ്ലിം സ്ഥാനാർഥിയും വരും. അതിനാൽ ഒരു ഹിന്ദു സ്ഥാനാർഥി എലത്തൂരിൽ വേണം എന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്.
എലത്തൂരിൽ രണ്ട് തവണയടക്കം എട്ട് പ്രാവശ്യം നിലവിൽ ശശീന്ദ്രൻ മത്സരിച്ചിട്ടുണ്ട്. തുടർന്നായിരുന്നു ഇത്തവണ മാറി നിൽക്കട്ടെ എന്ന നിർദേശം വന്നത്. തർക്കമുണ്ടായാൽ മണ്ഡലം സി.പി.എം ഏറ്റെടുക്കുമെന്ന ആശങ്കയും ഉണ്ട്.
എന്നാൽ എലത്തൂർ എന്ത് വിലകൊടുത്തും നില നിർത്തണമെന്നും അല്ലാത്ത പക്ഷം പാർട്ടി തന്നെ ഇല്ലാതാവുമെന്നാണ് വിലയിരുത്തൽ.