തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുൻനിർത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിൽ പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകർക്കാനാണ് ഇ.ഡിയുടെ ശ്രമം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ചോദ്യംചെയ്യലിൽ ഇഡിക്ക് ലഭിക്കണമെന്ന് ആഗ്രഹമുള്ള ഉത്തരമാണ് അവർ തേടുന്നത്. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. സംസ്ഥാനവുമായി ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിൻമാറാൻ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസർക്കാരിനാണ്. എന്നാൽ കേന്ദ്രസർക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തൽ വിഡ്ഢിത്തമാണ്.
ഫെമ നിയമത്തിനു കീഴിൽ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ ആർക്കൊക്കെയാണ് വായ്പയെടുക്കാൻ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെങ്കിൽ ഇന്ത്യയിലെ ഏത് ബോഡി കോർപറേറ്റിനും വായ്പയെടുക്കാം. മാർഗനിർദേശ പ്രകാരം കിഫ്ബി ബാങ്കുകൾ വഴി ആർബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്.
കേരള സർക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോർഡി കോർപറേറ്റ് എന്നാണ് കിഫ്ബിയെ നിർവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴിൽ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല.
ആരുടെയും കള്ളപ്പണം വെളുപ്പിക്കാൻ കിഫ്ബിയെ ഉപയോഗിക്കാൻ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.