കൊല്ലം: കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒൻപതാം ക്ലാസുകാരനെയും സുഹൃത്തുക്കൾ അതിക്രൂരമായി മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ബെൽറ്റുപയോഗിച്ചുള്ള മർദ്ദനത്തിനുശേഷം ശരീരത്തിനു മുകളിൽ കയറിയിരുന്നും മർദ്ദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മൂന്നു ദിവസം മുൻപായിരുന്നു സംഭവം.
കുട്ടികൾ സംഭവം വീട്ടിൽ അറിയിച്ചിരുന്നില്ല. കൂട്ടത്തല്ല് നടന്ന സംഭവത്തിന്റെ മൊബൈൽ ഫോൺ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി കളമശേരിയിലും സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സുഹൃത്തുക്കളുടെ മർദ്ദനം ഏറ്റിരുന്നു.