തിരുവനന്തപുരം: കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ആഴ്ചയിൽ നാല് ദിവസം നൽകും. തിങ്കൾ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ആകും കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മറ്റ് വാക്സിൻ കുത്തിവെപ്പും നടക്കും. ഇത് സംബന്ധിച്ച മാർഗരേഖ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി.
സംസ്ഥാനങ്ങൾക്ക് കോവിഷീൽഡ് ആണോ കോവാക്സിൻ ആണോ നൽകേണ്ടതെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. എന്നാൽ ഓരോ ജില്ലകൾക്കും ഏത് വാക്സിൻ ആണ് നൽകേണ്ടത് എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ഒരു കേന്ദ്രത്തിൽ ഒരേ വാക്സിൻ മാത്രമേ നൽകുകയുള്ളൂ. ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്സിൻ മാത്രം ഒരു കേന്ദ്രത്തിൽ നൽകിയാൽ മതിയെന്ന നിർദേശം.
രാജ്യത്തെ മൂവായിരം കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുക. മാസാവസാനത്തോടെ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരമായി ഉയർത്താനാണ് ലക്ഷ്യം. മാർച്ചോടെ കുത്തിവെപ്പ് കേന്ദ്രങ്ങൾ പന്ത്രണ്ടായിരം ആകും.