കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിലാണ് പ്രതിഷേധിച്ചത്.
അതേസമയം പെൺകുട്ടിയുടെ മരണകാരണം ന്യൂമോണിയയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്രെ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഡി.സി.പി. വ്യക്തമാക്കി.
പീഡനത്തിനിരയായ ശേഷം ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെൺകുട്ടി കഴിഞ്ഞദിവസമാണ് മരിച്ചത്. സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. പീഡനക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ മരണം.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അസുഖവിവരം ആരെയും അറിയിച്ചില്ലെന്നുമായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. രണ്ട് വർഷം മുമ്പാണ് 14 വയസ്സുകാരി പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാൽ പെൺകുട്ടിയെ പിന്നീട് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.