ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ പരേഡ് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേർപ്പെട്ട കർഷക സംഘടനകളിൽ പിളർപ്പ്. അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാൻ യൂണിനും (ഭാനു) സമരത്തിൽനിന്ന് പിന്മാറി.
കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിൽ അപലപിച്ചും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിൻമാറ്റം.
‘വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവർക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി ഈ സമരത്തിൽ നിന്ന് പിന്മാറുന്നു.’ അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി നേതാവ് വി.എം.സിങ് പറഞ്ഞു.
രാകേഷ് ടികായത് നേതൃത്വം നൽകുന്ന പ്രതിഷേധവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും എന്നാൽ, ഈ രൂപത്തിലുള്ള പ്രതിഷേധത്തോടൊപ്പം നിൽക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മർദ്ദിക്കുന്നതിനോ അല്ല തങ്ങൾ ഇവിടെ വന്നിട്ടുള്ളതെന്നും വി.എം.സിങ് കൂട്ടിച്ചേർത്തു.
ഇതിനിടെ. ഗാസിപുർ അതിർത്തിയിൽ നാടീകയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തിൽ നിന്ന് പിന്മാറുമെന്ന വി.എം.സിങിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതിയിലെ തന്നെ ഒരുവിഭാഗം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാകേഷ് ടികായത്തും വി.എം.സിങും ഉൾപ്പടെയുള്ള ഒമ്പതോളം കർഷക സംഘടനാ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംയുക്ത സമരസമിതി പിളർന്നതല്ലെന്നും കേന്ദ്ര നിലപാടുള്ളവരെ ഒഴിവാക്കിയതാണെന്നുമാണ് മറുഭാഗത്തിന്റെ വാദം.
രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ കർഷക സമരത്തിലേർപ്പെട്ട കർഷക സംഘടനകൾ യോഗം ചേർന്നുവരികയാണ്. ബജറ്റ് ദിനത്തിലെ പാർലമെന്റ് മാർച്ചും മറ്റു കാര്യങ്ങളും ചർച്ചയ്ക്ക് ശേഷം നേതാക്കൾ മാധ്യമങ്ങളെ കണ്ട് അറിയിക്കും.